കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിമാർക്കിടയിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, മുൻ ക്രിക്കറ്റ് താരവും ബഹറാംപൂർ എംപി യുമായ യൂസഫ് പഠാനെതിരെ കടുത്ത വിമർശനവുമായി മഹുവ മൊയ്ത്ര. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ അങ്ങോട്ട് കുതിച്ച യൂസഫ് പഠാന്റെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്തത്. ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ച നാളുകൾ ഓർമിപ്പിച്ച മഹുവ, അൽപമെങ്കിലും ധൈര്യവും ആത്മാഭിമാനവും കാണിക്കാൻ പഠാനെ വെല്ലുവിളിച്ചു.
"നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അൽപമെങ്കിലും നാണവും ആത്മാഭിമാനവും കാണിക്കൂ," മഹുവ എക്സിൽ കുറിച്ചു. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേരിടുന്നത്.
ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 ലോക്സഭാ എംപിമാർ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതോടെയാണ് ടിഎംസിയുടെ പാർലമെന്ററി പാർട്ടിയിൽ പിളർപ്പുണ്ടായത്. ആകെയുള്ള 28 ലോക്സഭാ എംപിമാരിൽ 20 പേരും വിമത പക്ഷത്തിനൊപ്പം ചേർന്നത് മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി.
മമത ബാനർജിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ നിലനിന്നവരാണ് ഈ വിമത നേതാക്കളെന്നും ഇവർ തികച്ചും "ഉപയോഗശൂന്യരായ" ആളുകളാണെന്നും മഹുവ മൊയ്ത്ര നേരത്തെ പരിഹസിച്ചിരുന്നു. പാർട്ടിയിൽ വലിയ പ്രതിസന്ധി നിലനിൽക്കുമ്പോഴും മഹുവ മൊയ്ത്ര മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുകയാണ്.